മഴ നിലക്കുമ്പോൾ നിലാവ് പരക്കുന്നു
മഴ പെയ്തു തോർന്ന ആ രാത്രിയിൽ അയാൾക്ക് ഉറക്കം വന്നില്ല.ജാലകത്തിലൂടെ തണുത്ത കാറ്റു വീശി. ഇലത്തുമ്പിൽ നിന്നും അവസാനത്തെ മഴത്തുള്ളിയും മണ്ണിലേക്കിറ്റി വീഴുന്നശബ്ദം, നിശബ്ദ തയിൽ ആരോ നടന്നടുക്കുന്ന പോലെ. വീടിനു പിന്നിലെ നാട്ടുമാവിൽ നിന്ന് ഒരു മാങ്ങ കൂടി വീണുവോ? വീണ്ടുമൊരു ഇളം കാറ്റ്. തുറന്നു വെച്ച പുസ്തകത്തിന്റെ താളുകൾ ഒന്നായി കാറ്റിൽ മറിഞ്ഞപ്പോയാണ് വായന എപ്പോഴോ നിന്നു പോയ കാര്യമയാളറിഞ്ഞത്. അഴിഞ്ഞുപോയ ഉടുമുണ്ട് വലിച്ചുടുത്ത് കോണിപ്പടികളിറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രധ്ദിച്ചു. ഇടവഴി കടന്നു നിലാവു പരന്ന മൺപാതയിലൂടെ അയാൾ നടന്നു. നിലാവിൽ തിളങ്ങുന്ന തെങ്ങിൻ തോപ്പിനു താഴെ ഇളകുന്ന നിഴലുകളെ വകഞ്ഞുമാറ്റി നടക്കുമ്പോൾ മഴയിൽ ദാഹം തീർത്ത ഭൂമിയിൽ നിന്നും മണ്ണിന്റെ ഗന്ധമുയരുന്നത് അയാളറിഞ്ഞു. ഒരു മഴത്തുള്ളി മരക്കൊമ്പിൽ നിന്നും ഞെട്ടറ്റു നെറ്റിയിൽ പതിച്ചപ്പോൾ അയാളുടെ ശരീരത്തിലാകെ കുളിരുകോറി. കുന്നിൻ ചെരുവിലെ വീട്ടിൽ തന്നെയും കാത്തിരിക്കുന്ന അവളുടെ മുഖമാണ് അപ്പോൾ അയാളുടെ മനസ്സിൽ തെളിഞ്ഞത്. കവുങ്ങിൻതോട്ടത്തിലൂടെ പാടവരമ്പിലേക്കിറങ്ങുമ്പോൾ നിശബ്ദതയെ കീറിമുറിക്കുന്ന ചീവീടുകളുടെ ശബ്ദം കൂട്ടിനുണ്ടായിരുന്നു.നീണ്ടു കിടക്കുന്ന കവുങ്ങിന്റെ നിഴലുകൾക്കിടയിലൂടെ തന്റെ നിഴൽ ഒളിച്ചുകളിക്കുന്നത് അയാൾ കണ്ടു. വൈകുന്നേരങ്ങളിൽ കാൽപ്പന്തുകളിയുടെ ആരവങ്ങളിൽ പൊടിപറപ്പിക്കുന്ന പഴയ കാളപ്പൂട്ടുകണ്ടം മഴവെള്ളം നിറഞ്ഞ് ഒരു തടാകം പോലെ നിശ്ചലമായിരിക്കുന്നു . വെള്ളത്തിനടിയിൽ നിന്നും പൂർണ്ണ ചന്ദ്രൻ പുഞ്ചിരിക്കുന്നു. തോട് വരമ്പ് നന്നായി വഴുക്കുന്നുണ്ട്.തോട്ടിലൂടെ ചാലിയാറിലേക്ക് കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിൽ. വർഷകാലത്ത് തോടും പാടവും നിറഞ്ഞു കവിയുമ്പോൾ വാഴത്തണ്ടുകൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയതും അതിൽ തുഴഞ്ഞു നടന്നതുമെല്ലാം അയാളുടെ മനസ്സിൽ നിഴൽചിത്രങ്ങളായി തെളിഞ്ഞു. അകലെ മൈലാടിക്കുന്ന് നിലാവിൽ കുളിച്ചു നിൽക്കുകയാണ്. അതിനുമപ്പുറത്ത് പൂട്ടിപ്പോയ മാവൂരിലെ കമ്പനിയിൽ നിന്നും നിയോൺ ബൾബുകൾ നക്ഷത്രക്കൂട്ടങ്ങൾ പോലെ പ്രകാശം പരത്തുന്നുണ്ട്. കുന്നിൻ ചെരുവിലൂടെ പടിഞ്ഞാറൻ കാറ്റ് വീശി. ചാലിയാറിൽ നിന്നും പഴയ തോണിക്കാരന്റെ മൂളിപ്പാട്ട് ഇപ്പോൾ കേൾക്കാറില്ല. മരങ്ങൾ ചങ്ങാടമാക്കി നിലമ്പൂരിൽ നിന്നും അരീക്കോടു നിന്നും ഫറോക്കിലേക്ക് വന്നിരുന്ന പഴയ കാക്കമാരും ഇന്നൊരോർമ്മ മാത്രം. പകരം രാത്രിയിലും കവണക്കല്ലിലെ പാലത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പലുകൾ മാത്രം. സമയമറിയുന്നതിനായി പഴമക്കാർ ആശ്രയിച്ചിരുന്ന കമ്പനിയുടെ സൈറനും ഇന്ന് മുഴങ്ങൂന്നില്ല. ശവപ്പറമ്പിലെ കല്ലുകൾ പൊലെ കുറെ പുകക്കുഴലുകൾ മാത്രം ബാക്കിയുണ്ട്. ഈ കുന്നിൻ ചെരുവിൽ നിന്ന് നോക്കിയാൽ മുകളിൽ അവളുടെ വീടു കാണാം.അവളുടെ മുറിയിൽ മാത്രം വെളിച്ചമുണ്ട്. അവൾക്ക് ഉറങ്ങാൻ കഴിയില്ലെന്നയാൾക്കറിയാം. കുന്നുകയറി കഴിഞ്ഞപ്പോഴേക്കും അയാൾ കിതക്കുന്നുണ്ടായിരുന്നു. വീടിന്റെ ജാലകത്തിലൂടെ വഴിയിലേക്ക് കണ്ണുംനട്ട് അയളുടെ വരവും പ്രതീക്ഷിച്ച് അവളിരിക്കുന്നുണ്ടായിരുന്നു. കിളിവാതിലിലൂടെ അയാൾ പറഞ്ഞു.”ഞാൻ തെക്കെപുറത്തെ മാവിൻചുവട്ടിലിരിക്കാം…” അവളുടെ മുറിയിലെ ലൈറ്റണഞ്ഞു. വാതിൽ പാളികൾ കരഞ്ഞു. കുന്നിൻ ചെരുവിലെ മാവിൻ ചുവട്ടിൽ നിലാവും നോക്കിയിരിക്കുന്ന അയാളുടെ അടുത്തേക്ക് അവൾ നടന്നടുത്തു. മാവിലകൾ കാറ്റിൽ ചാറ്റൽ മഴ പെയ്യിച്ചു.അയാൾ അവളുടെ മടിയിൽ തലചായ്ച്ചു മയങ്ങി. ദൂരെ പാടത്തിനുമക്കരെ പഴയ പള്ളിയൂടെ മിനാരങ്ങൾ നിലാവിൽ തിളങ്ങി.പള്ളിപ്പറമ്പിലെ ഖബർസ്ഥാനു മുകളിൽ ശാന്തി തേടി തലമുറകളുടെ ആത്മാവുകൾ പറന്നു നടന്നു. അവൻ നിലാവിന്റെ കഥ പറഞ്ഞു. അവളൊരു കവിതയായ് പെയ്തിറങ്ങി.


6 അഭിപ്രായങ്ങള്‍:
വളരെ നല്ല പോസ്റ്റ്. എനിക്കതിശയം തോന്നുന്നു, ഇത്ര നന്നായി ആദ്യത്തെ പോസ്റ്റ് എഴുതാന്‍ താങ്കള്‍ക്ക് കഴിഞ്ഞതില്‍. ബൂലോഗത്തേക്ക് സ്വാഗതം, ഇനിയുമിനിയും കൂടുതല്‍ എഴുതുക.
പ്രിയപ്പെട്ട സമദ്,
ഞാൻ ഷെറി..
ഇഷ്ടപ്പെട്ടു.
ഇനി ഒരുസന്തോഷവാർത്തയുണ്ട്. നിങളുടെ ബ്ലോഗ് കേരള ഇൻസിഡിൽ www.keralainside.net ഇവിടെഞെക്കിയാൽ അവിടെ എത്തും എന്നു പ്രതീക്ഷിക്കുന്നു. ലിസ്റ്റ് ചെയ്തിട്ടുണ്ട്.ആദ്യത്തെ ബ്ലോഗുകാർ ഇന്യും ഉണ്ടെങ്കിൽ അവരോട് ഈ സൈറ്റിനെ പറ്റി പറയണം. ബ്ലോഗ് എഴുതി അഗ്രിഗേറ്റർ മാരുടെ ശ്രദ്ദയിൽ പെട്ടാലെ മറ്റു സൈറ്റുകളിൽ ലിസ്റ്റാായി വരൂ പക്ഷെ ഇവിടെ അങിനെ അല്ല ..കൂടുതൽ വിവരങൾ പിന്ന്നീട് പറയാം..ഇനിയും എഴുതണം
നിർതട്ടെ
ഷെറി.
സമദ്..
നന്നായിരിക്കുന്നു.. നല്ല ശൈലി..
അഭിനന്ദനങ്ങള്‍
Ot
റഹീം പൊന്നാടിനെ അറിയുമോ.. പൊന്നാടുകാരെല്ലാം നല്ല എഴുത്തുകാരാണല്ലോ : )
വൈകിയാണെങ്കിലും ബൂലോകത്തേയ്ക്ക് സ്വാഗതം.
കഥ കൊള്ളാം മാഷേ. ഇനിയും എഴുതുക.
:)
thanks for kannuran,shery,basheer vellarakkad and shree.
Ishttaayi.... keep writing...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം