2008 ഓഗസ്റ്റ് 17, ഞായറാഴ്‌ച

മാനാഞ്ചിറയിൽ ഞാൻ തനിച്ചാണ്…..

സമയം അഞ്ച് മണി. രണ്ടരക്ക് കരിപ്പൂരിലിറങ്ങേണ്ട വിമാനമാണ്. പുറപ്പെടാൻ തന്നെ രണ്ട് മണിക്കൂർ വൈകി. കസ്റ്റംസ് പരിശോധനകളൂം പോർട്ടർമാരുടെ പരിശോധനകളൂം കഴിഞ്ഞ് രക്ഷപ്പെട്ടപ്പോൾ സമയം ആറ് മണി. ഇനി നാട്ടിലേക്കുള്ള യാത്ര. ആകെയെടുത്ത ഈ ബാഗിൽ കുത്തിനിറച്ചത് സ്വപ്നങ്ങൾ മാത്രമാണ്. ബന്ധുക്കൾ,സുഹ്രത്തുക്കൾ ,സംഭാവനക്കാർ,പെൺകുട്ടികളുടെ ഫോട്ടോകളുമായി ബ്രോക്കർമാർ,രാത്രി ഏറെ നേരം കാത്തിരുന്നു മടങ്ങിപ്പോയ ഇൻഷൂറൻസ് ഏജന്റ്. … രാവിലെ എഴുന്നേറ്റപ്പോൾ ഒരു സമ്മേളത്തിനുള്ള ആളുണ്ട് വീട്ടിൽ. എല്ലാവർക്കും മുഖം കൊടുത്ത് വീട്ടുകാരോടൊത്ത് ഒരു ചായ കുടിച്ചു. ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കാലം വരച്ച പാടുകൾ മനസ്സ് വായിച്ചെടുത്തുവോ? യാത്രാക്ഷീണം മാറിയിട്ടില്ല. അല്പമാശ്വാസത്തിനായി വീണ്ടും ഇടുങ്ങിയ സ്വന്തം മുറിയിലേക്ക്. പഴയ ഓർമകളിൽ മനസ്സിനെ അല്പം മേയാൻ വിടണമെന്നുണ്ട്. ചാരിയിരുന്നത് മയക്കത്തിലേക്കാണ്. ഓർമകളിൽ ചാലിയാറിലൂടെയുള്ള തോണിയാത്രകൾ, കോട്ടത്തടം കുന്നിൽ കൂട്ടുകാരുമൊത്തുള്ള സായാഹ്നങ്ങൾ, ആലികാക്കയുടെ ചായക്കടയിലെ പത്രപാരായണ ചർച്ചകൾ ,ഫാറൂഖാബാദിലെ പടിഞ്ഞാറൻ കാറ്റിൽ സജ്നയുടെ പറഞ്ഞ്തീരാത്ത കഥകൾ, പിന്നെ മാനാഞ്ചിറയിലെ മര ത്തണലിൽ നിശബ്ദമായിരുന്ന സായാഹ്നങ്ങൾ…..മനസ്സ് നടത്തിയ ഏഴാനാകാശത്തിനുമപ്പുറത്തെ ആകാശയാത്രകൾ . ഉണർന്നപ്പോൾ സമയം രണ്ട് മണി. ‘ചോലക്കുളത്തിലൊരു കുളി, നാടൻ ഭക്ഷണം,വൈകീട്ട് കോട്ടത്തടം കുന്നിലേക്ക് കൂട്ടുകാർക്കൊപ്പമൊരു നടത്തം….‘ മനസ്സിൽ തെളിഞ്ഞ ഇന്നത്തെ പരിപാടികൾ. “ചോലക്കുളത്തിലെ ബെള്ളം ബറ്റി…മലയൊക്കെ ഇടിച്ചപ്പം കെണറ്റിലെ ബെള്ളം തന്നെ കൊറഞ്ഞീണ്….” സോപ്പും എടുത്തുള്ള യാത്ര ഉമ്മ തടഞ്ഞു. പുതിയ ബാത്ത് റൂമിലെ ഷവറിനു താഴെയുള്ള കുളിയിൽ സോപ്പ് കുമിളകളോടൊപ്പം ഒലിച്ചു പോയത് എന്റെ മോഹം കൂടിയായിരുന്നു. ഉച്ചഭക്ഷണത്തിന് നാടൻ കറികളാണ് പ്രതീക്ഷിച്ചത്. ചക്കയും മാങ്ങയും തിന്നു നടന്ന കാലം നാവിലൂറി. തീൻ മേശയിൽ നിന്നുയർന്ന ഇറച്ചിക്കോഴിയുടെ ഗന്ധത്തിൽ ആ പ്രതീക്ഷയും ആവിയായി. കോട്ടത്തടം കുന്നിലേക്കൊരു സായാഹ്ന സവാരിക്കായി സുഹ്രുത്തുക്കളേ വിളിച്ചപ്പോഴണ് കുന്നിന്റെ മരണ വാർത്തയറിഞ്ഞത്. അല്പം നീരസത്തോടെ സുഹ്രത്ത് റഹീം പറഞ്ഞു “ നിങ്ങൾക്കൊക്കെ വന്നിറങ്ങാൻ വേണ്ടി കുന്നിടിച്ച് വിമാനത്താവളം വികസിപ്പിച്ചു ” കുന്ന് കയറിയ പഴയ ഓർമകളിൽ കോട്ടതടം കുന്നിലേക്ക് തനിയെ നടന്നു.മനസ്സിലെ ഓർമച്ചിത്രങ്ങൾക്ക് മുകളിൽ പുതിയ കാലത്തിന്റെ ചിത്രങ്ങൾ പതിഞ്ഞു. മനുക്ഷ്യന്റെ ആർത്തി യന്ത്ര രൂപത്തിൽ കുന്നിനെ തുരക്കുന്ന കാഴ്ച അധികസമയം കണ്ടുനിൽക്കാനായില്ല. ഇറങ്ങിനടന്നത് മനസ്സിലെ കുന്നിൽ നിന്നായിരുന്നു. സജ്നയെ ഒന്ന് കാണണമെന്ന അഗ്രഹം ഇനിയും ബാക്കി. കല്യാണാലോചനയുമായി വീട്ടിൽ നിന്നും കത്ത് വരുബോയൊക്കെ മനസ്സിൽ അവളുടെ മുഖമായിരുന്നു. ഗ്രാമത്തിന്റെ മനസ്സുമായൊരു പെൺകുട്ടി. ഫാറൂഖ് കോളേജിലെ ലൈബ്രറി ഹാളിൽ തുടങ്ങിയ സൌഹ്യദം….. സെൻട്രൽ ലൈബ്രറിയിലെ കാറ്റു പിടിക്കുന്ന പുസ്തകത്താളുകളിൽ, ക്രൌൺ തിയേറ്ററിലെ ആൻഗലേയ സിനിമകളിൽ, ആർട്ട് ഗ്യാലറിയിലെ ചിത്രപ്രദർശനങ്ങളിൽ, ടൌൺ ഹാളിലെ സാംസ്കാരിക സായാഹ്നങ്ങളിൽ…പിന്നീട് കൂട്ട് അവളായിരുന്നു. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് മാനാഞ്ചിറക്കുള്ളിലെ മരത്തണലിന്റെ നിശബ്ദത ഒരുമിച്ചാസ്വദിച്ച എത്ര സായാഹ്നങ്ങൾ……. ഗൾഫിലേക്കുള്ള അവളുടെ എഴുത്തുകൾക്ക് നാടിന്റെ ഗന്ധമായിരുന്നു. മരുഭൂമിയിലെ നീരുറവ പോലെ ആ അക്ഷരങ്ങൾ മനസ്സിലെ തീച്ചൂളകളെ പലവുരു കെടുത്തിയിട്ടുണ്ട്. ഇടക്കെപ്പോയോ ആ ധാര മുറിഞ്ഞു. വിമാനത്താവള വികസനത്തിനയി അവളുടെ കുടുംബം കുടിയൊഴിപ്പിക്കപ്പെട്ടു. അവളുടെ നാട് –കൂട്ടാലുങ്ങൽ‌ -ഇല്ലാതായി. കുന്നുകൾ ഇടിച്ചു നിരത്തിയെടുത്ത മണ്ണ് ആ നാടിന്റെ മുകളിൽ വന്നു വീണു. അവസാനമായി അവളയച്ച കത്ത് ഇപ്പോഴും മനസ്സിലുണ്ട്. “ ……ജീവൻ തുടിക്കുന്ന എന്റെ നാടിനെ കുഴിച്ചു മൂടുകയാണ്. അവസാനത്തെ മൺകൂനയും ഈ നാടിന്റെ മേൽ പതിക്കുമ്പോൾ, കുഴിച്ചുമൂടപ്പെട്ടപ്പോൾ നിലവിളിച്ച പ്രവാചക കഥയിലെ പെൺകുട്ടിയെപ്പോലെ എന്റെ നാടും നിലവിളിക്കുമോ?.....” മണ്ണിട്ടുമൂടിയ ആ ഗ്രാമത്തിനു മുകളിലൂടെ വിമാനങ്ങൾ ഇരമ്പിയുയർന്നു. ഒരു നാട്ടിൽ ഒരുമിച്ച് ജീവിച്ചവർ വിവിധയിടങ്ങളിലായി പിഴുതെറിയപ്പെട്ടു. അയൽ പ്രദേശങ്ങളന്വേഷിച്ച് വികസനത്തിന്റെ കൈകൾ പിന്നെയും നീളുന്നു. നാളെ തിരിച്ചു പോവേണ്ട ദിവസമാണ്. ഇനി പോവേണ്ടതായി ഒരിടം കൂടി. മനസ്സിന്റെ ദു:ഖം പലപ്പോഴും ഏറ്റുവാങ്ങിയ ആ നിശബ്ദത ‌‌‌‌‌‌–‌ മാനാഞ്ചിറ. നഗരത്തിലേക്കുള്ള ബസ്സ് കവണക്കല്ല് പാലത്തിനു മുകളിലൂടെ ചീറിപ്പാഞ്ഞു. ചാലിയാറിലെ പഴയ തോണിയോ തോണിക്കാരനെയോ അവിടെയെങ്ങും കണ്ടില്ല. ഓർമകളിൽ മാനാഞ്ചിറക്കുചുറ്റും ഒരുപാടലഞ്ഞു. പൊറ്റക്കാടിന്റെ പ്രതിമക്കു മുകളിരിക്കുന്ന പക്ഷികൾ ദേശാടനത്തിന്റെ കഥകൾ പറയുന്നുവോ? ഗർജ്ജനം നിർത്തിയ പീരങ്കികൾക്ക് മുമ്പിലൂടെ മാനാഞ്ചിറക്കകത്തേക്ക് കയറുമ്പോൾ പിന്നിൽ പട്ടാളപ്പള്ളിയിൽ നിന്നുള്ള ബാങ്കൊലിയുമുണ്ടായിരുന്നു. പുൽതകിടിയുംകഴിഞ്ഞ് മരച്ചുവട്ടിലെ ആ ശാന്തതയിൽ ഒരുപാടിരുന്നു. ആ കുളിർമ്മ മനസ്സിലേറ്റുവാങ്ങി. നഗരത്തിന്റെ ബഹളത്തിനു നടുവിൽ ശാന്തതയുടെ ഈ ഗേഹമൊരുക്കിയവർക്ക് നന്ദി. ഇനി മടക്കം, വീണ്ടും വിമാനത്താവളത്തിൽ. കണ്ണീരിൽ കുതിർന്ന യാത്രയയപ്പുകൾ. സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുമായി യാത്രയാവുന്ന ചെറുപ്പക്കാർ. അവരുടെ മുഖത്ത് ഓരോ കുടുംബത്തിന്റെ പ്രതീക്ഷകൾ. സ്വപ്നങ്ങൾ കുത്തിനിറച്ച എന്റെ ബാഗിപ്പോൾ ശൂന്യമാണ്. സ്വപ്നങ്ങൾ കുഴിച്ചുമൂടപ്പെട്ട കൂട്ടാലുങ്ങലിന്റെ ഓർമകൾക്ക് മുകളിലൂടെ, ഇടിച്ചു നിരത്തപ്പെട്ട കോട്ടത്തടം കുന്നിന്റെ മൺതരികൾക്കു മീതെ, വറ്റിവരണ്ട ചോലക്കുളത്തിന്റെ ഒർമ്മകളിൽ എന്റെ വിമാനം വീണ്ടുമിരമ്പുന്നു. മനസ്സിലൊരു നഗരം വികസിച്ചു വരുന്നു. അതിവേഗം വികസിക്കുന്ന റോഡുകൾ ഇരുകരകളെയും വലിച്ചെടുക്കുന്നു, കടൽ കരയെടുക്കുന്ന പോലെ. പെരുകുന്ന വാഹനങ്ങൾ…..മിന്നുന്ന വെളിച്ചങ്ങൾ… ശബ്ദങ്ങൾ…. അലർച്ചകൾ….. കണ്ണ് മഞ്ഞളിക്കുന്നുവോ? നഗരത്തിന്റ് ബഹളങ്ങൾക്കിടയിൽ എന്റെ മനസ്സിലെ മാനാഞ്ചിറയിൽ ഞാനിപ്പോൾ തനിച്ചാണ്.