അപ്പോഴും ചാലിയാർ ഒഴുകുന്നുണ്ടായിരുന്നു
തോണി ഒരു ചുഴിയിൽ പെട്ട് മുങ്ങുന്നത് സ്വപ്നം കണ്ടാണ് അബ്ദു ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്. അക്കരെ പളളിയിൽ നിന്നും സുബ്ഹി ബാങ്ക് കേട്ട് അബ്ദു വാതിൽ തുറന്നു.വെളിച്ചം വെക്കുന്നെയുള്ളൂ. വാതിൽ ചാരി അയാൾ സ്രാമ്പ്യ*യിലേക്ക് നടന്നു. പുഴക്കരയിലേ സ്രാമ്പ്യയിൽ നിസ്കരിക്കാനിപ്പോൾ അബ്ദു മാത്രമേ വരാറുള്ളൂ. എല്ലാവരും അക്കരെ അറബി എടുപ്പിച്ച മാർബിൾ പാകിയ പുതിയ പള്ളിയിലേക്ക് പോവും. പഴക്കം ചെന്ന സ്രാമ്പ്യ ഇടിഞ്ഞു വീഴാറായിട്ടുണ്ട്. പുഴയിലേക്ക് ഇറക്കിക്കെട്ടിയ അതിന്റെ തൂണ് കാലത്തിന്റെ കുത്തൊഴുക്കിൽ മെലിഞ്ഞു പോയി. മരം പാകിയ നിലവും ചിതലരിച്ചു കൊണ്ടിരിക്കുന്നു. പുഴ വെള്ളത്തിന് പതിവിലും തണുപ്പ് തോന്നി. അക്കരെ മണൽ വാരുന്നവരുടെ ആർപ്പുവിളികൾ കേൾക്കാം. മണൽ ലോറികൾ കണ്ണിലേക്ക് ടോർച്ചടിച്ചു. അബ്ദു പുഴയിൽ നിന്നും വുളൂ* എടുത്തു കയറി. തന്റെ ചവിട്ടേറ്റ് സ്രാമ്പ്യയുടെ പഴയ മരക്കോണി കരയുന്നതയാൾ കേട്ടു. സ്രാമ്പ്യയിൽ നിന്നിറങ്ങിയ അബ്ദു തന്റെ തോണിയുടെ അമരത്ത് കയറിയിരുന്ന് തുഴയാൻ തുടങ്ങി. പുഴയിലിപ്പോൾ കടത്തു തോണിയായി അബ്ദുവിന്റെത് മാത്രമേയുള്ളൂ. ബാക്കിഴൊക്കെ മണൽ തോണികളാണ്. കവണക്കല്ലിൽ പാലം വന്നതിൽ പിന്നെ അക്കരെക്ക് ആരും തോണിയിൽ പോവാറില്ല. പാലത്തിലൂടെ നടക്കാനുള്ള ദൂരമേയുള്ളൂ. പാലത്തിലൂടെ നഗരത്തിലേക്ക് ധാരാളം ബസ്സുകളുമുണ്ട്. പക്ഷെ അബ്ദുവിന് തന്റെ കടത്തുതോണി കയ്യൊഴിയാൻ തോന്നിയില്ല. ബാപ്പ അയമുട്ടിയുടെ കാലശേഷമാണ് അബ്ദു കടത്തുകാരനായത് . പുതിയ പാലം വരുകയും അക്കരെയുള്ള ഗ്രാസിം ഫാക്ടറി അടച്ചു പൂട്ടുകയും ചെയ്തപ്പോൾ തോണിയാത്രക്ക് ആളില്ലാതായെങ്കിലും അബ്ദു രാവിലെ തന്നെ തുഴയുമെടുത്ത് തോണിയുടെ അമരത്ത് ചെന്നിരിക്കും. ഓളങ്ങൾക്കിടയിലൂടെ പുഴയുടെ ആഴമളക്കാൻ അബ്ദു വ്രഥാ ശ്രമിക്കും. ആഴങ്ങളിലെവിടെയോ ആരോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അബ്ദുവിന് തോന്നും. പിന്നെ അബ്ദു ഓളങ്ങളോട് സംസാരിച്ചിരിക്കും. അകലെ നീലഗിരി മലകളിൽ നിന്നും കടലിനെ പ്രാപിക്കാനുള്ള മോഹവുമായി യുഗാന്തരങ്ങൾക്കപ്പുറം തുടങ്ങിയ നിലക്കാത്ത പ്രവാഹത്തിന്റെ കഥകൾ ഓളങ്ങൾ അബ്ദുവിനോട് പറയും. വൈകുന്നേരമായാൽ തോണി കടവിൽ കെട്ടിയിട്ട് അബ്ദു വീട്ടിലേക്ക് തിരിച്ചു നടക്കും. “ അദ്ദൂന് പിരാന്തായി “കവണക്കല്ല് പാലത്തിലെ തട്ട് കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ജബ്ബാർ നിരീക്ഷിച്ചു.ജബ്ബാർ കഴിഞ്ഞയാഴ്ച ഗൾഫിൽ നിന്നെത്തിയതേയുള്ളൂ. “ ആ ജമീലാന്റെ മജ്ജത്ത് പൊയേൽ പൊന്ത്യാരെ തൊടങ്ങ്യതാ...”.ജബ്ബാറിന് പുഴമീൻ പൊതിഞ്ഞുകൊണ്ട് നാരായണൻ വിശദീകരിച്ചു. ചാലിയാറിൽ നിന്ന് കക്ക പൊറുക്കിവിറ്റാണ് നാരായണൻ ജീവിച്ചിരുന്നത്. കമ്പനി പൂട്ടിയതോടെ നല്ലപുഴമീൻ കിട്ടാൻ തുടങ്ങി. പാലത്തിലൂടെ പോവുന്ന വാഹനങ്ങളിൽ ആവശ്യക്കാർ കൂടുകയും ചെയ്തപ്പോൾ മീൻ കച്ചവടത്തിലേക്ക് ചുവട് മാറിയതാണ്. ജമീല പുഴയിൽ ചാടി മരിച്ച വിവരം ജബ്ബാർ നാട്ടിലെത്തിയ ശേഷമാണറിഞ്ഞത്. ഊർക്കടവിലെ ബീരാൻക്കയുടെ മകളായിരുന്നു ജമീല. പുഴയോരത്തെ പാറക്കുന്നിന്റെ ചെരുവിലായിരുന്നു അവരുടെ വീട്. ബീരാൻക്ക മാവൂർ ഗ്രാസിം കമ്പനിയിലെ തൊഴിലാളിയായിരുന്നു. കമ്പനി തുടങ്ങിയപ്പോൾ തൊഴിലാളികളെ എടുക്കുന്നതറിഞ്ഞ് അബ്ദുവിന്റെ ബാപ്പ അയമുട്ടിയും പോയിരുന്നു.ഫാക്ടറിയുടെ തൂണ് ഉറക്കുന്നതിനായി തലവെട്ടി രക്തം ഒഴുക്കുന്നുണ്ടെന്ന കഥ കേട്ട് പേടിച്ച് ബാപ്പ തിരിച്ച് പോന്നതാണെന്ന് ആളുകൾ പറയുന്നത് അബ്ദു കേട്ടിട്ടുണ്ട്. കമ്പനിയിൽ പണികിട്ടിയില്ലെങ്കിലും പണി കിട്ടിയവരെ അക്കരേക്കും ഇക്കരേക്കും കടത്തുന്ന പണി പിന്നെ അയമുട്ടിക്കായിരുന്നു. അതൊരു കാലമായിരുന്നു.അബ്ദു അന്ന് ചെറുപ്പമാണ്. രാവും പകലുമില്ലാതെ കമ്പനി പ്രവർത്തിച്ചുകൊണ്ടിരുന്നു.രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ തൊഴിലാളി കളെയുമായി അയമുട്ടി ഇക്കരെക്ക് പോരും.രാത്രി ഷിഫ്റ്റിലുള്ളവരെയുമായി തിരിച്ചു പോവും. ഇടക്ക് ബാപ്പയെ സഹായിക്കാൻ അബ്ദു തോണിയിൽ കയറും. ഒരറ്റത്ത് കയറിയിരുന്ന് വലിയ മുളവടി കൊണ്ട് തോണി തുഴയും. കമ്പനിയിൽ നിന്നും തിരിച്ചുവരുന്ന ബീരാൻക്കയുടെ കൂടെയുള്ള പാവാടക്കാരിയെ അന്നാണ് അബ്ദു ആദ്യമായി കണ്ടത്. അമരത്തിരുന്ന് തോണി തുഴയുന്ന അബ്ദു വിനെ ജമീല ഒളിക്കണ്ണിട്ട് നോക്കി. ബീരാൻക്കയുടെ കൂടെ തോണിയിൽ നിന്നിറങ്ങിയെങ്കിലും അബ്ദുവിന്റെ മനസ്സിൽ നിന്നും ജമീല ഇറങ്ങിയിട്ടുണ്ടാ രുന്നില്ല. അബ്ദുവിന്റെ മനസ്സിനക്കരെ നിന്ന് ഇക്കരെക്ക് പിന്നെ ജമീല പലവട്ടം തോണി തുഴഞ്ഞു. ആയിടക്കാണ് കമ്പനി അടച്ചു പൂട്ടിയത്. കിട്ടിയവിലക്ക് കയ്യിലുള്ളതെല്ലാം വിറ്റിട്ടും പിടിച്ചു നിൽക്കാനാവാതെ പതിമൂന്നോളം തൊഴിലാളികൾ ആത്മഹത്യ ചെയ്തു. കമ്പനി തുറക്കണമെന്നാവശ്യപ്പെട്ടു നടന്ന നിരാഹാര സമരത്തിൽ ബാപ്പ അയമുട്ടി ക്കൊപ്പം അബ്ദുവും പങ്കെടുത്തു. പുഴ കടക്കാൻ ആരും വരാതായപ്പോൾ തോണി വെരുതെ കിടന്നു. വിശപ്പിന്റെ വിളിയറിഞ്ഞ ദിവസങ്ങൾ. ഒടുക്കം അയമുട്ടി അർബുദം ബാധിച്ച് കിടപ്പിലുമായി. സമരങ്ങൾക്കൊടുവിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം കമ്പനി തുറന്നപ്പോഴേക്കും കാലത്തിന്റെ തോണി അയമുട്ടിയേയും കൊണ്ട് യാത്രയായിരുന്നു. കമ്പനിയുടെ സൈറൻ വീണ്ടും മുഴങ്ങി. നാടും നഗരവുമുണർന്നു. അബ്ദുവിന് വിശ്രമമില്ലാത്ത രാപ്പകലുകൾ. തോണി നിറയെ തൊഴിലാളികളെയുമായി പുഴ മുറിച്ചു കടക്കുന്ന അബ്ദുവിനെ ദൂരെ പാറക്കുന്നിൽ ആടിനെയും മേയ്ച്ച് കൊണ്ട് ജമീല നോക്കിയിരുന്നു. നിലാവുള്ള രാത്രികളിൽ അബ്ദു പിന്നെയും മനസ്സിന്റെ തോണി തുഴഞ്ഞു. സ്വപ്നങ്ങളുടെ തീരങ്ങളിൽ ജമീലയോടൊപ്പം അബ്ദുവിന്റെ തോണി ഒഴുകി നടന്നു. ചാലിയാറിന്റെ അക്കരെ നിന്നും ഒരു ഏറനാടൻ ഇശൽ നിലാവിലലിഞ്ഞു ചേർന്നു. കാറ്റും ഓളങ്ങളും ചേർന്ന് അത് അക്കരെയെത്തിച്ചു. ഓളങ്ങൾക്ക് താഴെ ആഴങ്ങളിൽ മീനുകൾ രഹസ്യം പറഞ്ഞു. പുഴയിലെ മീനുകൾ ഒന്നൊന്നായി ചത്തു പൊങ്ങുന്ന വിവരം പാറക്കുന്നിറങ്ങുമ്പോൾ ജമീലയാണ് അബ്ദുവിനോട് പറഞ്ഞത്. കുത്തഴിഞ്ഞ ഉടുമുണ്ട് നേരെയുടുക്കുമ്പോൾ ബാപ്പ അയമുട്ടിയുടെ മരണ ശേഷം പലർക്കും അർബുദം ബാധിച്ചതിനെ കുറിച്ചായിരുന്നു അബ്ദു ചിന്തിച്ചിരുന്നത്. കമ്പനിയുടെ പുകക്കുഴലികളിൽ നിന്ന് പിന്നെയും ദുർഗന്ധമുയർന്നു. കമ്പനിയിൽ നിന്നും ഒഴുകിയെത്തിയ മലിനജലം ചാലിയാറിൽ വിഷം വിതച്ചു. മനുഷ്യരുടെ തല വെട്ടി രക്തമൊഴുക്കുന്ന കഥകേട്ട് കമ്പനിയിൽ ചേരാതെ തിരിച്ചു പോന്ന ബാപ്പ അയമുട്ടി ഒരുനാൾ അബ്ദുവിന്റെ കിനാവിൽ വന്നു കയറി. നിശബ്ദമായി ഓളങ്ങൾ കീറിമുറിച്ച് അനന്തതയിലേക്ക് അബ്ദു കിനാവിന്റെ തോണി തുഴഞ്ഞു. കമ്പനിയിൽ ചേർന്നില്ലെങ്കിലും തനിക്ക് അർബുദം സമ്മാനിച്ച് തന്റെ രക്തം കമ്പനി വലിച്ചു കുടിച്ച കഥ അയമുട്ടി അബ്ദുവിനോട് പറഞ്ഞു. ചാലിയാർ തീരത്തെ ദുരിതത്തിലാഴ്ത്തിയ മാറാരോഗങ്ങളിലേക്ക് ബപ്പ അബ്ദുവിന്റെ കണ്ണ് തുറന്നു. ചാലിയാറിന്റെ തീരങ്ങളിൽ ചത്തുപൊങ്ങിയ മീനുകൾ അബ്ദുവിന്റെ മനസ്സിലും ഓളങ്ങൾ സ്രഷ്ടിച്ചു. കമ്പനിയുടെ മുമ്പിൽ വീണ്ടും സമര പന്തലുയർന്നു. ഇത്തവണ അടച്ച ഫാക്ടറി അടപ്പിക്കാനല്ല,തുറന്ന ഫാക്ടറി അടപ്പിക്കാനായിരുന്നു സമരം. കമ്പനിക്ക് മുമ്പിലെ സമര പന്തലിൽ ഒരുനാൾ അബ്ദുവും നിരാഹാരമിരുന്നു. ഒരേ ഫാക്ടറി തുറപ്പിക്കാനും അടപ്പിക്കാനുമുള്ള സമരങ്ങളിൽ പങ്കാളിയാവേണ്ടി വന്നപ്പോൾ അബ്ദുവിന്റെ നെഞ്ചിലൊരു ചുഴി രൂപം കൊണ്ടു. ആചുഴിയിൽ ശരി തെറ്റുകളുടെ നൂൽപ്പാലം തകർന്നു വീണു. കമ്പനിയുടെ ഗേറ്റുകൾ എന്നെന്നേക്കുമായി അടഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച പണം കൊണ്ട് ബീരാൻക്ക ഒരു ജെ.സി.ബി. വാങ്ങി. കവണക്കല്ലിലെ പുതിയ പാലവും റോഡും ബന്ധിപ്പിക്കാൻ പാറക്കുന്ന് ഇടിച്ചു താഴ്ത്താൻ കോൺട്രാക്റ്റ് എടുത്തത് ബീരാൻക്കയായിരുന്നു. പാറക്കുന്നിലെ കല്ലും മണ്ണും അനുസരണയോടെ ബീരാൻക്കയുടെ ലോറിയിൽ വന്നുകയറീ. വിമാനത്താവള വികസനത്തിനായി അവ കരിപ്പൂരിലേക്ക് യാത്രയായി. ഒരു ഗ്രാമം മണ്ണിട്ടു നികത്തി നിർമിച്ചപുതിയ റൺവേയിലൂടെ വിമാനങ്ങൾ ഇരമ്പിയുയർന്നു.ഒപ്പം മണ്ണ് എടുത്തും കൊടുത്തും ബീരാൻ ക്കയുടെ കീശയും ഉയർന്ന് വന്നു. പാറക്കുന്നിനെ രണ്ടായി പകുത്ത് പുതിയ റോഡ് വികസിച്ചു. പാലത്തിലൂടെ വാഹനങ്ങൾ നഗരത്തിലേക്ക് കുതിച്ചു. ബീരാൻ ക്ക ഹാജിയായതും പഴയ ഓടിട്ട വീടിന്റെ സ്ഥാനത്ത് പുതിയ ഇരുനില മാളിക ഉയർന്നതും പെട്ടൊന്നായിരുന്നു. മാളികക്ക് മുമ്പിൽ മണൽ ലോറികൾ അണിനിരന്നു. ചാലിയാറിലെ മണൽ കൊണ്ട് നഗരത്തിൽ കോൺഗ്രീറ്റ് സൌധങ്ങൾ ഉയർന്നു. ജമീലയെ പെണ്ണ് കാണാൻ നഗരത്തിൽ നിന്നൊരു ബിസിനസ്സുകാരൻ വന്നിറങ്ങി. മാളികക്ക് ചുറ്റും ബഹുവർണ്ണ പന്തലൊരുങ്ങി. കവണക്കല്ല് പാലത്തിനു താഴെ തോണിയിൽ അബ്ദു നിവർന്നു കിടന്നു. പടിഞ്ഞാറെ മാനത്ത് സൂര്യൻ ചായമടിച്ചു തെളിനീരൊഴുകുന്ന ചാലിയാറിന്റെ തീരത്തെ മനസ്സുകളിലിപ്പോഴും മലിനജലം ഒഴുകുന്നത് അബ്ദു തിരിച്ചറിഞ്ഞു. ചുറ്റും ഇരുട്ട് പരക്കവെ ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളെ നോക്കി അബ്ദു നീട്ടിപാടി. പഴയ ഒരു പാട്ടിന്റെ ഈണം അക്കരെക്ക് തോണി കയറി. പാട്ടിന്റെ ഈണം കേട്ട് ആഴങ്ങളിൽ മീനുകൾകണ്ണീർ പൊഴിച്ചു. ചാലിയറിലെ ഓളങ്ങൾ അബ്ദുവിന്റെ കണ്ണീരൊപ്പി. പാലത്തിലൂടെ നഗരത്തിലേക്ക് ചീറിപാഞ്ഞ വാഹനങ്ങൾ മാത്രം അബ്ദുവിനെ കണ്ടില്ല. രാവിലെ മണൽ വാരാൻ വന്നവരാണ് പുഴയിൽ ജമീലയുടെ മയ്യത്ത് കണ്ടത്. നേരം പുലർന്നപ്പോഴെക്കും വാർത്ത നാടാകെ പരന്നു. ബീരാൻക്ക ഒളിച്ചു വെച്ചെങ്കിലും ജമീലയുടെയുള്ളിൽ ഒരു പുതുജീവൻ തുടിച്ചിരുന്നെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആളുകൾ അടക്കം പറഞ്ഞു. ചാലിയാറിലെ ജലകണങ്ങൾ അറബിക്കടലിൽ എത്തി നീരാവിയായി ഉയർന്നുപൊങ്ങി മേഘമായി പാറി നടന്ന് മഴയായ് വർഷിച്ച് അരുവികളായൊഴുകി പിന്നെയും ചാലിയാറിലെത്തി. കാലം ഒരു പ്രവാഹമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. നിലാവുള്ള രാത്രികളിൽ അബ്ദു പിന്നെയും പാടി. ചാലിയാറിലെ ഓളങ്ങൾ പിറക്കാത്ത മകൾക്കായി അത് ഏറ്റുപാടി. പൂട്ടിപ്പോയ കമ്പനിയുടെ പുകക്കുഴലുകൾ ശവപ്പറമ്പിലെ കല്ലുകൾ പോലെ ഭീതി പരത്തി. കവണക്കല്ല് പാലം നിലാവിൽ കാലുകൾ തൂക്കി നിവർന്നുകിടന്നു. അക്കരെക്ക് പോവാൻ ആരെങ്കിലും വരുമെന്നോർത്ത് പാലത്തിനു താഴെ തോണിയുമായി അബ്ദു പിന്നെയും കാത്തിരുന്നു. *സ്രാമ്പ്യ: ചെറിയ പള്ളി. *വുളു: അംഗ ശുദ്ധി.


<< ഹോം