2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

അപ്പോഴും ചാലിയാർ ഒഴുകുന്നുണ്ടായിരുന്നു

തോണി ഒരു ചുഴിയിൽ പെട്ട് മുങ്ങുന്നത് സ്വപ്നം കണ്ടാണ് അബ്ദു ഉറക്കിൽ നിന്നും ഞെട്ടിയുണർന്നത്. അക്കരെ പളളിയിൽ നിന്നും സുബ്ഹി ബാങ്ക് കേട്ട് അബ്ദു വാതിൽ തുറന്നു.വെളിച്ചം വെക്കുന്നെയുള്ളൂ. വാതിൽ ചാരി അയാൾ സ്രാമ്പ്യ*യിലേക്ക് നടന്നു. പുഴക്കരയിലേ സ്രാമ്പ്യയിൽ നിസ്കരിക്കാനിപ്പോൾ അബ്ദു മാത്രമേ വരാറുള്ളൂ. എല്ലാവരും അക്കരെ അറബി എടുപ്പിച്ച മാർബിൾ പാകിയ പുതിയ പള്ളിയിലേക്ക് പോവും. പഴക്കം ചെന്ന സ്രാമ്പ്യ ഇടിഞ്ഞു വീഴാറായിട്ടുണ്ട്. പുഴയിലേക്ക് ഇറക്കിക്കെട്ടിയ അതിന്റെ തൂണ് കാലത്തിന്റെ കുത്തൊഴുക്കിൽ മെലിഞ്ഞു പോയി. മരം പാകിയ നിലവും ചിതലരിച്ചു കൊണ്ടിരിക്കുന്നു. പുഴ വെള്ളത്തിന് പതിവിലും തണുപ്പ് തോന്നി. അക്കരെ മണൽ വാരുന്നവരുടെ ആർപ്പുവിളികൾ കേൾക്കാം. മണൽ ലോറികൾ കണ്ണിലേക്ക് ടോർച്ചടിച്ചു. അബ്ദു പുഴയിൽ നിന്നും വുളൂ* എടുത്തു കയറി. തന്റെ ചവിട്ടേറ്റ് സ്രാമ്പ്യയുടെ പഴയ മരക്കോണി കരയുന്നതയാൾ കേട്ടു. സ്രാമ്പ്യയിൽ നിന്നിറങ്ങിയ അബ്ദു തന്റെ തോണിയുടെ അമരത്ത് കയറിയിരുന്ന് തുഴയാൻ തുടങ്ങി. പുഴയിലിപ്പോൾ കടത്തു തോണിയായി അബ്ദുവിന്റെത് മാത്രമേയുള്ളൂ. ബാക്കിഴൊക്കെ മണൽ തോണികളാണ്. കവണക്കല്ലിൽ പാലം വന്നതിൽ പിന്നെ അക്കരെക്ക് ആരും തോണിയിൽ പോവാറില്ല. പാലത്തിലൂടെ നടക്കാനുള്ള ദൂരമേയുള്ളൂ. പാലത്തിലൂടെ നഗരത്തിലേക്ക് ധാരാളം ബസ്സുകളുമുണ്ട്. പക്ഷെ അബ്ദുവിന് തന്റെ കടത്തുതോണി കയ്യൊഴിയാൻ തോന്നിയില്ല. ബാപ്പ അയമുട്ടിയുടെ കാലശേഷമാണ് അബ്ദു കടത്തുകാരനായത് . പുതിയ പാലം വരുകയും അക്കരെയുള്ള ഗ്രാസിം ഫാക്ടറി അടച്ചു പൂട്ടുകയും ചെയ്തപ്പോൾ തോണിയാത്രക്ക് ആളില്ലാതായെങ്കിലും അബ്ദു രാവിലെ തന്നെ തുഴയുമെടുത്ത് തോണിയുടെ അമരത്ത് ചെന്നിരിക്കും. ഓളങ്ങൾക്കിടയിലൂടെ പുഴയുടെ ആഴമളക്കാൻ അബ്ദു വ്രഥാ ശ്രമിക്കും. ആഴങ്ങളിലെവിടെയോ ആരോ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് അബ്ദുവിന് തോന്നും. പിന്നെ അബ്ദു ഓളങ്ങളോട് സംസാരിച്ചിരിക്കും. അകലെ നീലഗിരി മലകളിൽ നിന്നും കടലിനെ പ്രാപിക്കാനുള്ള മോഹവുമായി യുഗാന്തരങ്ങൾക്കപ്പുറം തുടങ്ങിയ നിലക്കാത്ത പ്രവാഹത്തിന്റെ കഥകൾ ഓളങ്ങൾ അബ്ദുവിനോട് പറയും. വൈകുന്നേരമായാൽ തോണി കടവിൽ കെട്ടിയിട്ട് അബ്ദു വീട്ടിലേക്ക് തിരിച്ചു നടക്കും. “ അദ്ദൂന് പിരാന്തായി “കവണക്കല്ല് പാലത്തിലെ തട്ട് കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ജബ്ബാർ നിരീക്ഷിച്ചു.ജബ്ബാർ കഴിഞ്ഞയാഴ്ച ഗൾഫിൽ നിന്നെത്തിയതേയുള്ളൂ. “ ആ ജമീലാന്റെ മജ്ജത്ത് പൊയേൽ പൊന്ത്യാരെ തൊടങ്ങ്യതാ...”.ജബ്ബാറിന് പുഴമീൻ പൊതിഞ്ഞുകൊണ്ട് നാരായണൻ വിശദീകരിച്ചു. ചാലിയാറിൽ നിന്ന് കക്ക പൊറുക്കിവിറ്റാണ് നാരായണൻ ജീവിച്ചിരുന്നത്. കമ്പനി പൂട്ടിയതോടെ നല്ലപുഴമീൻ കിട്ടാൻ തുടങ്ങി. പാലത്തിലൂടെ പോവുന്ന വാഹനങ്ങളിൽ ആവശ്യക്കാർ കൂടുകയും ചെയ്തപ്പോൾ മീൻ കച്ചവടത്തിലേക്ക് ചുവട് മാറിയതാണ്. ജമീല പുഴയിൽ ചാടി മരിച്ച വിവരം ജബ്ബാർ നാട്ടിലെത്തിയ ശേഷമാണറിഞ്ഞത്. ഊർക്കടവിലെ ബീരാൻക്കയുടെ മകളായിരുന്നു ജമീല. പുഴയോരത്തെ പാറക്കുന്നിന്റെ ചെരുവിലായിരുന്നു അവരുടെ വീട്. ബീരാൻക്ക മാവൂർ ഗ്രാസിം കമ്പനിയിലെ തൊഴിലാളിയായിരുന്നു. കമ്പനി തുടങ്ങിയപ്പോൾ തൊഴിലാളികളെ എടുക്കുന്നതറിഞ്ഞ് അബ്ദുവിന്റെ ബാപ്പ അയമുട്ടിയും പോയിരുന്നു.ഫാക്ടറിയുടെ തൂണ് ഉറക്കുന്നതിനായി തലവെട്ടി രക്തം ഒഴുക്കുന്നുണ്ടെന്ന കഥ കേട്ട് പേടിച്ച് ബാപ്പ തിരിച്ച് പോന്നതാണെന്ന് ആളുകൾ പറയുന്നത് അബ്ദു കേട്ടിട്ടുണ്ട്. കമ്പനിയിൽ പണികിട്ടിയില്ലെങ്കിലും പണി കിട്ടിയവരെ അക്കരേക്കും ഇക്കരേക്കും കടത്തുന്ന പണി പിന്നെ അയമുട്ടിക്കായിരുന്നു. അതൊരു കാലമായിരുന്നു.അബ്ദു അന്ന് ചെറുപ്പമാണ്. രാവും പകലുമില്ലാതെ കമ്പനി പ്രവർത്തിച്ചുകൊണ്ടിരുന്നു.രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ തൊഴിലാളി കളെയുമായി അയമുട്ടി ഇക്കരെക്ക് പോരും.രാത്രി ഷിഫ്റ്റിലുള്ളവരെയുമായി തിരിച്ചു പോവും. ഇടക്ക് ബാപ്പയെ സഹായിക്കാൻ അബ്ദു തോണിയിൽ കയറും. ഒരറ്റത്ത് കയറിയിരുന്ന് വലിയ മുളവടി കൊണ്ട് തോണി തുഴയും. കമ്പനിയിൽ നിന്നും തിരിച്ചുവരുന്ന ബീരാൻക്കയുടെ കൂടെയുള്ള പാവാടക്കാരിയെ അന്നാണ് അബ്ദു ആദ്യമായി കണ്ടത്. അമരത്തിരുന്ന് തോണി തുഴയുന്ന അബ്ദു വിനെ ജമീല ഒളിക്കണ്ണിട്ട് നോക്കി. ബീരാൻക്കയുടെ കൂടെ തോണിയിൽ നിന്നിറങ്ങിയെങ്കിലും അബ്ദുവിന്റെ മനസ്സിൽ നിന്നും ജമീല ഇറങ്ങിയിട്ടുണ്ടാ രുന്നില്ല. അബ്ദുവിന്റെ മനസ്സിനക്കരെ നിന്ന് ഇക്കരെക്ക് പിന്നെ ജമീല പലവട്ടം തോണി തുഴഞ്ഞു. ആയിടക്കാണ് കമ്പനി അടച്ചു പൂട്ടിയത്. കിട്ടിയവിലക്ക് കയ്യിലുള്ളതെല്ലാം വിറ്റിട്ടും പിടിച്ചു നിൽക്കാനാവാതെ പതിമൂന്നോളം തൊഴിലാളികൾ ആത്മഹത്യ ചെയ്തു. കമ്പനി തുറക്കണമെന്നാവശ്യപ്പെട്ടു നടന്ന നിരാഹാര സമരത്തിൽ ബാപ്പ അയമുട്ടി ക്കൊപ്പം അബ്ദുവും പങ്കെടുത്തു. പുഴ കടക്കാൻ ആരും വരാതായപ്പോൾ തോണി വെരുതെ കിടന്നു. വിശപ്പിന്റെ വിളിയറിഞ്ഞ ദിവസങ്ങൾ. ഒടുക്കം അയമുട്ടി അർബുദം ബാധിച്ച് കിടപ്പിലുമായി. സമരങ്ങൾക്കൊടുവിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം കമ്പനി തുറന്നപ്പോഴേക്കും കാലത്തിന്റെ തോണി അയമുട്ടിയേയും കൊണ്ട് യാത്രയായിരുന്നു. കമ്പനിയുടെ സൈറൻ വീണ്ടും മുഴങ്ങി. നാടും നഗരവുമുണർന്നു. അബ്ദുവിന് വിശ്രമമില്ലാത്ത രാപ്പകലുകൾ. തോണി നിറയെ തൊഴിലാളികളെയുമായി പുഴ മുറിച്ചു കടക്കുന്ന അബ്ദുവിനെ ദൂരെ പാറക്കുന്നിൽ ആടിനെയും മേയ്ച്ച് കൊണ്ട് ജമീല നോക്കിയിരുന്നു. നിലാവുള്ള രാത്രികളിൽ അബ്ദു പിന്നെയും മനസ്സിന്റെ തോണി തുഴഞ്ഞു. സ്വപ്നങ്ങളുടെ തീരങ്ങളിൽ ജമീലയോടൊപ്പം അബ്ദുവിന്റെ തോണി ഒഴുകി നടന്നു. ചാലിയാറിന്റെ അക്കരെ നിന്നും ഒരു ഏറനാടൻ ഇശൽ നിലാവിലലിഞ്ഞു ചേർന്നു. കാറ്റും ഓളങ്ങളും ചേർന്ന് അത് അക്കരെയെത്തിച്ചു. ഓളങ്ങൾക്ക് താഴെ ആഴങ്ങളിൽ മീനുകൾ രഹസ്യം പറഞ്ഞു. പുഴയിലെ മീനുകൾ ഒന്നൊന്നായി ചത്തു പൊങ്ങുന്ന വിവരം പാറക്കുന്നിറങ്ങുമ്പോൾ ജമീലയാണ് അബ്ദുവിനോട് പറഞ്ഞത്. കുത്തഴിഞ്ഞ ഉടുമുണ്ട് നേരെയുടുക്കുമ്പോൾ ബാപ്പ അയമുട്ടിയുടെ മരണ ശേഷം പലർക്കും അർബുദം ബാധിച്ചതിനെ കുറിച്ചായിരുന്നു അബ്ദു ചിന്തിച്ചിരുന്നത്. കമ്പനിയുടെ പുകക്കുഴലികളിൽ നിന്ന് പിന്നെയും ദുർഗന്ധമുയർന്നു. കമ്പനിയിൽ നിന്നും ഒഴുകിയെത്തിയ മലിനജലം ചാലിയാറിൽ വിഷം വിതച്ചു. മനുഷ്യരുടെ തല വെട്ടി രക്തമൊഴുക്കുന്ന കഥകേട്ട് കമ്പനിയിൽ ചേരാതെ തിരിച്ചു പോന്ന ബാപ്പ അയമുട്ടി ഒരുനാൾ അബ്ദുവിന്റെ കിനാവിൽ വന്നു കയറി. നിശബ്ദമായി ഓളങ്ങൾ കീറിമുറിച്ച് അനന്തതയിലേക്ക് അബ്ദു കിനാവിന്റെ തോണി തുഴഞ്ഞു. കമ്പനിയിൽ ചേർന്നില്ലെങ്കിലും തനിക്ക് അർബുദം സമ്മാനിച്ച് തന്റെ രക്തം കമ്പനി വലിച്ചു കുടിച്ച കഥ അയമുട്ടി അബ്ദുവിനോട് പറഞ്ഞു. ചാലിയാർ തീരത്തെ ദുരിതത്തിലാഴ്ത്തിയ മാറാരോഗങ്ങളിലേക്ക് ബപ്പ അബ്ദുവിന്റെ കണ്ണ് തുറന്നു. ചാലിയാറിന്റെ തീരങ്ങളിൽ ചത്തുപൊങ്ങിയ മീനുകൾ അബ്ദുവിന്റെ മനസ്സിലും ഓളങ്ങൾ സ്രഷ്ടിച്ചു. കമ്പനിയുടെ മുമ്പിൽ വീണ്ടും സമര പന്തലുയർന്നു. ഇത്തവണ അടച്ച ഫാക്ടറി അടപ്പിക്കാനല്ല,തുറന്ന ഫാക്ടറി അടപ്പിക്കാനായിരുന്നു സമരം. കമ്പനിക്ക് മുമ്പിലെ സമര പന്തലിൽ ഒരുനാൾ അബ്ദുവും നിരാഹാരമിരുന്നു. ഒരേ ഫാക്ടറി തുറപ്പിക്കാനും അടപ്പിക്കാനുമുള്ള സമരങ്ങളിൽ പങ്കാളിയാവേണ്ടി വന്നപ്പോൾ അബ്ദുവിന്റെ നെഞ്ചിലൊരു ചുഴി രൂപം കൊണ്ടു. ആചുഴിയിൽ ശരി തെറ്റുകളുടെ നൂൽ‌പ്പാലം തകർന്നു വീണു. കമ്പനിയുടെ ഗേറ്റുകൾ എന്നെന്നേക്കുമായി അടഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച പണം കൊണ്ട് ബീരാൻക്ക ഒരു ജെ.സി.ബി. വാങ്ങി. കവണക്കല്ലിലെ പുതിയ പാലവും റോഡും ബന്ധിപ്പിക്കാൻ പാറക്കുന്ന് ഇടിച്ചു താഴ്ത്താൻ കോൺട്രാക്റ്റ് എടുത്തത് ബീരാൻക്കയായിരുന്നു. പാറക്കുന്നിലെ കല്ലും മണ്ണും അനുസരണയോടെ ബീരാൻക്കയുടെ ലോറിയിൽ വന്നുകയറീ. വിമാനത്താവള വികസനത്തിനായി അവ കരിപ്പൂരിലേക്ക് യാത്രയായി. ഒരു ഗ്രാമം മണ്ണിട്ടു നികത്തി നിർമിച്ചപുതിയ റൺവേയിലൂടെ വിമാനങ്ങൾ ഇരമ്പിയുയർന്നു.ഒപ്പം മണ്ണ് എടുത്തും കൊടുത്തും ബീരാൻ ക്കയുടെ കീശയും ഉയർന്ന് വന്നു. പാറക്കുന്നിനെ രണ്ടായി പകുത്ത് പുതിയ റോഡ് വികസിച്ചു. പാലത്തിലൂടെ വാ‍ഹനങ്ങൾ നഗരത്തിലേക്ക് കുതിച്ചു. ബീരാൻ ക്ക ഹാജിയായതും പഴയ ഓടിട്ട വീടിന്റെ സ്ഥാനത്ത് പുതിയ ഇരുനില മാളിക ഉയർന്നതും പെട്ടൊന്നായിരുന്നു. മാളികക്ക് മുമ്പിൽ മണൽ ലോറികൾ അണിനിരന്നു. ചാലിയാറിലെ മണൽ കൊണ്ട് നഗരത്തിൽ കോൺഗ്രീറ്റ് സൌധങ്ങൾ ഉയർന്നു. ജമീലയെ പെണ്ണ് കാണാൻ നഗരത്തിൽ നിന്നൊരു ബിസിനസ്സുകാരൻ വന്നിറങ്ങി. മാളികക്ക് ചുറ്റും ബഹുവർണ്ണ പന്തലൊരുങ്ങി. കവണക്കല്ല് പാലത്തിനു താഴെ തോണിയിൽ അബ്ദു നിവർന്നു കിടന്നു. പടിഞ്ഞാറെ മാനത്ത് സൂര്യൻ ചായമടിച്ചു തെളിനീരൊഴുകുന്ന ചാലിയാറിന്റെ തീരത്തെ മനസ്സുകളിലിപ്പോഴും മലിനജലം ഒഴുകുന്നത് അബ്ദു തിരിച്ചറിഞ്ഞു. ചുറ്റും ഇരുട്ട് പരക്കവെ ആകാശത്ത് തെളിഞ്ഞ നക്ഷത്രങ്ങളെ നോക്കി അബ്ദു നീട്ടിപാടി. പഴയ ഒരു പാട്ടിന്റെ ഈണം അക്കരെക്ക് തോണി കയറി. പാട്ടിന്റെ ഈണം കേട്ട് ആഴങ്ങളിൽ മീനുകൾകണ്ണീർ പൊഴിച്ചു. ചാലിയറിലെ ഓളങ്ങൾ അബ്ദുവിന്റെ കണ്ണീരൊപ്പി. പാലത്തിലൂടെ നഗരത്തിലേക്ക് ചീറിപാഞ്ഞ വാഹനങ്ങൾ മാത്രം അബ്ദുവിനെ കണ്ടില്ല. രാവിലെ മണൽ വാരാൻ വന്നവരാണ് പുഴയിൽ ജമീലയുടെ മയ്യത്ത് കണ്ടത്. നേരം പുലർന്നപ്പോഴെക്കും വാർത്ത നാടാകെ പരന്നു. ബീരാൻക്ക ഒളിച്ചു വെച്ചെങ്കിലും ജമീലയുടെയുള്ളിൽ ഒരു പുതുജീവൻ തുടിച്ചിരുന്നെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആളുകൾ അടക്കം പറഞ്ഞു. ചാലിയാറിലെ ജലകണങ്ങൾ അറബിക്കടലിൽ എത്തി നീരാവിയായി ഉയർന്നുപൊങ്ങി മേഘമായി പാറി നടന്ന് മഴയായ് വർഷിച്ച് അരുവികളായൊഴുകി പിന്നെയും ചാലിയാറിലെത്തി. കാലം ഒരു പ്രവാഹമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. നിലാവുള്ള രാത്രികളിൽ അബ്ദു പിന്നെയും പാടി. ചാലിയാറിലെ ഓളങ്ങൾ പിറക്കാത്ത മകൾക്കായി അത് ഏറ്റുപാടി. പൂട്ടിപ്പോയ കമ്പനിയുടെ പുകക്കുഴലുകൾ ശവപ്പറമ്പിലെ കല്ലുകൾ പോലെ ഭീതി പരത്തി. കവണക്കല്ല് പാലം നിലാവിൽ കാലുകൾ തൂക്കി നിവർന്നുകിടന്നു. അക്കരെക്ക് പോവാൻ ആരെങ്കിലും വരുമെന്നോർത്ത് പാലത്തിനു താഴെ തോണിയുമായി അബ്ദു പിന്നെയും കാത്തിരുന്നു. *സ്രാമ്പ്യ: ചെറിയ പള്ളി. *വുളു: അംഗ ശുദ്ധി.

ഓർകുട്ടിലേക്ക് സ്വാഗതം

2008 ഓഗസ്റ്റ് 17, ഞായറാഴ്‌ച

മാനാഞ്ചിറയിൽ ഞാൻ തനിച്ചാണ്…..

സമയം അഞ്ച് മണി. രണ്ടരക്ക് കരിപ്പൂരിലിറങ്ങേണ്ട വിമാനമാണ്. പുറപ്പെടാൻ തന്നെ രണ്ട് മണിക്കൂർ വൈകി. കസ്റ്റംസ് പരിശോധനകളൂം പോർട്ടർമാരുടെ പരിശോധനകളൂം കഴിഞ്ഞ് രക്ഷപ്പെട്ടപ്പോൾ സമയം ആറ് മണി. ഇനി നാട്ടിലേക്കുള്ള യാത്ര. ആകെയെടുത്ത ഈ ബാഗിൽ കുത്തിനിറച്ചത് സ്വപ്നങ്ങൾ മാത്രമാണ്. ബന്ധുക്കൾ,സുഹ്രത്തുക്കൾ ,സംഭാവനക്കാർ,പെൺകുട്ടികളുടെ ഫോട്ടോകളുമായി ബ്രോക്കർമാർ,രാത്രി ഏറെ നേരം കാത്തിരുന്നു മടങ്ങിപ്പോയ ഇൻഷൂറൻസ് ഏജന്റ്. … രാവിലെ എഴുന്നേറ്റപ്പോൾ ഒരു സമ്മേളത്തിനുള്ള ആളുണ്ട് വീട്ടിൽ. എല്ലാവർക്കും മുഖം കൊടുത്ത് വീട്ടുകാരോടൊത്ത് ഒരു ചായ കുടിച്ചു. ഉമ്മയുടെയും ഉപ്പയുടെയും മുഖത്ത് കാലം വരച്ച പാടുകൾ മനസ്സ് വായിച്ചെടുത്തുവോ? യാത്രാക്ഷീണം മാറിയിട്ടില്ല. അല്പമാശ്വാസത്തിനായി വീണ്ടും ഇടുങ്ങിയ സ്വന്തം മുറിയിലേക്ക്. പഴയ ഓർമകളിൽ മനസ്സിനെ അല്പം മേയാൻ വിടണമെന്നുണ്ട്. ചാരിയിരുന്നത് മയക്കത്തിലേക്കാണ്. ഓർമകളിൽ ചാലിയാറിലൂടെയുള്ള തോണിയാത്രകൾ, കോട്ടത്തടം കുന്നിൽ കൂട്ടുകാരുമൊത്തുള്ള സായാഹ്നങ്ങൾ, ആലികാക്കയുടെ ചായക്കടയിലെ പത്രപാരായണ ചർച്ചകൾ ,ഫാറൂഖാബാദിലെ പടിഞ്ഞാറൻ കാറ്റിൽ സജ്നയുടെ പറഞ്ഞ്തീരാത്ത കഥകൾ, പിന്നെ മാനാഞ്ചിറയിലെ മര ത്തണലിൽ നിശബ്ദമായിരുന്ന സായാഹ്നങ്ങൾ…..മനസ്സ് നടത്തിയ ഏഴാനാകാശത്തിനുമപ്പുറത്തെ ആകാശയാത്രകൾ . ഉണർന്നപ്പോൾ സമയം രണ്ട് മണി. ‘ചോലക്കുളത്തിലൊരു കുളി, നാടൻ ഭക്ഷണം,വൈകീട്ട് കോട്ടത്തടം കുന്നിലേക്ക് കൂട്ടുകാർക്കൊപ്പമൊരു നടത്തം….‘ മനസ്സിൽ തെളിഞ്ഞ ഇന്നത്തെ പരിപാടികൾ. “ചോലക്കുളത്തിലെ ബെള്ളം ബറ്റി…മലയൊക്കെ ഇടിച്ചപ്പം കെണറ്റിലെ ബെള്ളം തന്നെ കൊറഞ്ഞീണ്….” സോപ്പും എടുത്തുള്ള യാത്ര ഉമ്മ തടഞ്ഞു. പുതിയ ബാത്ത് റൂമിലെ ഷവറിനു താഴെയുള്ള കുളിയിൽ സോപ്പ് കുമിളകളോടൊപ്പം ഒലിച്ചു പോയത് എന്റെ മോഹം കൂടിയായിരുന്നു. ഉച്ചഭക്ഷണത്തിന് നാടൻ കറികളാണ് പ്രതീക്ഷിച്ചത്. ചക്കയും മാങ്ങയും തിന്നു നടന്ന കാലം നാവിലൂറി. തീൻ മേശയിൽ നിന്നുയർന്ന ഇറച്ചിക്കോഴിയുടെ ഗന്ധത്തിൽ ആ പ്രതീക്ഷയും ആവിയായി. കോട്ടത്തടം കുന്നിലേക്കൊരു സായാഹ്ന സവാരിക്കായി സുഹ്രുത്തുക്കളേ വിളിച്ചപ്പോഴണ് കുന്നിന്റെ മരണ വാർത്തയറിഞ്ഞത്. അല്പം നീരസത്തോടെ സുഹ്രത്ത് റഹീം പറഞ്ഞു “ നിങ്ങൾക്കൊക്കെ വന്നിറങ്ങാൻ വേണ്ടി കുന്നിടിച്ച് വിമാനത്താവളം വികസിപ്പിച്ചു ” കുന്ന് കയറിയ പഴയ ഓർമകളിൽ കോട്ടതടം കുന്നിലേക്ക് തനിയെ നടന്നു.മനസ്സിലെ ഓർമച്ചിത്രങ്ങൾക്ക് മുകളിൽ പുതിയ കാലത്തിന്റെ ചിത്രങ്ങൾ പതിഞ്ഞു. മനുക്ഷ്യന്റെ ആർത്തി യന്ത്ര രൂപത്തിൽ കുന്നിനെ തുരക്കുന്ന കാഴ്ച അധികസമയം കണ്ടുനിൽക്കാനായില്ല. ഇറങ്ങിനടന്നത് മനസ്സിലെ കുന്നിൽ നിന്നായിരുന്നു. സജ്നയെ ഒന്ന് കാണണമെന്ന അഗ്രഹം ഇനിയും ബാക്കി. കല്യാണാലോചനയുമായി വീട്ടിൽ നിന്നും കത്ത് വരുബോയൊക്കെ മനസ്സിൽ അവളുടെ മുഖമായിരുന്നു. ഗ്രാമത്തിന്റെ മനസ്സുമായൊരു പെൺകുട്ടി. ഫാറൂഖ് കോളേജിലെ ലൈബ്രറി ഹാളിൽ തുടങ്ങിയ സൌഹ്യദം….. സെൻട്രൽ ലൈബ്രറിയിലെ കാറ്റു പിടിക്കുന്ന പുസ്തകത്താളുകളിൽ, ക്രൌൺ തിയേറ്ററിലെ ആൻഗലേയ സിനിമകളിൽ, ആർട്ട് ഗ്യാലറിയിലെ ചിത്രപ്രദർശനങ്ങളിൽ, ടൌൺ ഹാളിലെ സാംസ്കാരിക സായാഹ്നങ്ങളിൽ…പിന്നീട് കൂട്ട് അവളായിരുന്നു. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞ് മാനാഞ്ചിറക്കുള്ളിലെ മരത്തണലിന്റെ നിശബ്ദത ഒരുമിച്ചാസ്വദിച്ച എത്ര സായാഹ്നങ്ങൾ……. ഗൾഫിലേക്കുള്ള അവളുടെ എഴുത്തുകൾക്ക് നാടിന്റെ ഗന്ധമായിരുന്നു. മരുഭൂമിയിലെ നീരുറവ പോലെ ആ അക്ഷരങ്ങൾ മനസ്സിലെ തീച്ചൂളകളെ പലവുരു കെടുത്തിയിട്ടുണ്ട്. ഇടക്കെപ്പോയോ ആ ധാര മുറിഞ്ഞു. വിമാനത്താവള വികസനത്തിനയി അവളുടെ കുടുംബം കുടിയൊഴിപ്പിക്കപ്പെട്ടു. അവളുടെ നാട് –കൂട്ടാലുങ്ങൽ‌ -ഇല്ലാതായി. കുന്നുകൾ ഇടിച്ചു നിരത്തിയെടുത്ത മണ്ണ് ആ നാടിന്റെ മുകളിൽ വന്നു വീണു. അവസാനമായി അവളയച്ച കത്ത് ഇപ്പോഴും മനസ്സിലുണ്ട്. “ ……ജീവൻ തുടിക്കുന്ന എന്റെ നാടിനെ കുഴിച്ചു മൂടുകയാണ്. അവസാനത്തെ മൺകൂനയും ഈ നാടിന്റെ മേൽ പതിക്കുമ്പോൾ, കുഴിച്ചുമൂടപ്പെട്ടപ്പോൾ നിലവിളിച്ച പ്രവാചക കഥയിലെ പെൺകുട്ടിയെപ്പോലെ എന്റെ നാടും നിലവിളിക്കുമോ?.....” മണ്ണിട്ടുമൂടിയ ആ ഗ്രാമത്തിനു മുകളിലൂടെ വിമാനങ്ങൾ ഇരമ്പിയുയർന്നു. ഒരു നാട്ടിൽ ഒരുമിച്ച് ജീവിച്ചവർ വിവിധയിടങ്ങളിലായി പിഴുതെറിയപ്പെട്ടു. അയൽ പ്രദേശങ്ങളന്വേഷിച്ച് വികസനത്തിന്റെ കൈകൾ പിന്നെയും നീളുന്നു. നാളെ തിരിച്ചു പോവേണ്ട ദിവസമാണ്. ഇനി പോവേണ്ടതായി ഒരിടം കൂടി. മനസ്സിന്റെ ദു:ഖം പലപ്പോഴും ഏറ്റുവാങ്ങിയ ആ നിശബ്ദത ‌‌‌‌‌‌–‌ മാനാഞ്ചിറ. നഗരത്തിലേക്കുള്ള ബസ്സ് കവണക്കല്ല് പാലത്തിനു മുകളിലൂടെ ചീറിപ്പാഞ്ഞു. ചാലിയാറിലെ പഴയ തോണിയോ തോണിക്കാരനെയോ അവിടെയെങ്ങും കണ്ടില്ല. ഓർമകളിൽ മാനാഞ്ചിറക്കുചുറ്റും ഒരുപാടലഞ്ഞു. പൊറ്റക്കാടിന്റെ പ്രതിമക്കു മുകളിരിക്കുന്ന പക്ഷികൾ ദേശാടനത്തിന്റെ കഥകൾ പറയുന്നുവോ? ഗർജ്ജനം നിർത്തിയ പീരങ്കികൾക്ക് മുമ്പിലൂടെ മാനാഞ്ചിറക്കകത്തേക്ക് കയറുമ്പോൾ പിന്നിൽ പട്ടാളപ്പള്ളിയിൽ നിന്നുള്ള ബാങ്കൊലിയുമുണ്ടായിരുന്നു. പുൽതകിടിയുംകഴിഞ്ഞ് മരച്ചുവട്ടിലെ ആ ശാന്തതയിൽ ഒരുപാടിരുന്നു. ആ കുളിർമ്മ മനസ്സിലേറ്റുവാങ്ങി. നഗരത്തിന്റെ ബഹളത്തിനു നടുവിൽ ശാന്തതയുടെ ഈ ഗേഹമൊരുക്കിയവർക്ക് നന്ദി. ഇനി മടക്കം, വീണ്ടും വിമാനത്താവളത്തിൽ. കണ്ണീരിൽ കുതിർന്ന യാത്രയയപ്പുകൾ. സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുമായി യാത്രയാവുന്ന ചെറുപ്പക്കാർ. അവരുടെ മുഖത്ത് ഓരോ കുടുംബത്തിന്റെ പ്രതീക്ഷകൾ. സ്വപ്നങ്ങൾ കുത്തിനിറച്ച എന്റെ ബാഗിപ്പോൾ ശൂന്യമാണ്. സ്വപ്നങ്ങൾ കുഴിച്ചുമൂടപ്പെട്ട കൂട്ടാലുങ്ങലിന്റെ ഓർമകൾക്ക് മുകളിലൂടെ, ഇടിച്ചു നിരത്തപ്പെട്ട കോട്ടത്തടം കുന്നിന്റെ മൺതരികൾക്കു മീതെ, വറ്റിവരണ്ട ചോലക്കുളത്തിന്റെ ഒർമ്മകളിൽ എന്റെ വിമാനം വീണ്ടുമിരമ്പുന്നു. മനസ്സിലൊരു നഗരം വികസിച്ചു വരുന്നു. അതിവേഗം വികസിക്കുന്ന റോഡുകൾ ഇരുകരകളെയും വലിച്ചെടുക്കുന്നു, കടൽ കരയെടുക്കുന്ന പോലെ. പെരുകുന്ന വാഹനങ്ങൾ…..മിന്നുന്ന വെളിച്ചങ്ങൾ… ശബ്ദങ്ങൾ…. അലർച്ചകൾ….. കണ്ണ് മഞ്ഞളിക്കുന്നുവോ? നഗരത്തിന്റ് ബഹളങ്ങൾക്കിടയിൽ എന്റെ മനസ്സിലെ മാനാഞ്ചിറയിൽ ഞാനിപ്പോൾ തനിച്ചാണ്.

2008 ജൂലൈ 21, തിങ്കളാഴ്‌ച

മഴ നിലക്കുമ്പോൾ നിലാവ് പരക്കുന്നു

ഴ പെയ്തു തോർന്ന ആ രാത്രിയിൽ അയാൾക്ക് ഉറക്കം വന്നില്ല.ജാലകത്തിലൂടെ തണുത്ത കാറ്റു വീശി. ഇലത്തുമ്പിൽ നിന്നും അവസാനത്തെ മഴത്തുള്ളിയും മണ്ണിലേക്കിറ്റി വീഴുന്നശബ്ദം, നിശബ്ദ തയിൽ ആരോ നടന്നടുക്കുന്ന പോലെ. വീടിനു പിന്നിലെ നാട്ടുമാവിൽ നിന്ന് ഒരു മാങ്ങ കൂടി വീണുവോ? വീണ്ടുമൊരു ഇളം കാറ്റ്. തുറന്നു വെച്ച പുസ്തകത്തിന്റെ താളുകൾ ഒന്നായി കാറ്റിൽ മറിഞ്ഞപ്പോയാണ് വായന എപ്പോഴോ നിന്നു പോയ കാര്യമയാളറിഞ്ഞത്. അഴിഞ്ഞുപോയ ഉടുമുണ്ട് വലിച്ചുടുത്ത് കോണിപ്പടികളിറങ്ങുമ്പോൾ രാത്രിയുടെ നിശബ്ദതയെ ഭേദിക്കാതിരിക്കാൻ അയാൾ പ്രത്യേകം ശ്രധ്ദിച്ചു. ഇടവഴി കടന്നു നിലാവു പരന്ന മൺപാതയിലൂടെ അയാൾ നടന്നു. നിലാവിൽ തിളങ്ങുന്ന തെങ്ങിൻ തോപ്പിനു താഴെ ഇളകുന്ന നിഴലുകളെ വകഞ്ഞുമാ‍റ്റി നടക്കുമ്പോൾ മഴയിൽ ദാഹം തീർത്ത ഭൂമിയിൽ നിന്നും മണ്ണിന്റെ ഗന്ധമുയരുന്നത് അയാളറിഞ്ഞു. ഒരു മഴത്തുള്ളി മരക്കൊമ്പിൽ നിന്നും ഞെട്ടറ്റു നെറ്റിയിൽ പതിച്ചപ്പോൾ അയാളുടെ ശരീരത്തിലാകെ കുളിരുകോറി. കുന്നിൻ ചെരുവിലെ വീട്ടിൽ തന്നെയും കാത്തിരിക്കുന്ന അവളുടെ മുഖമാണ് അപ്പോൾ അയാളുടെ മനസ്സിൽ തെളിഞ്ഞത്. കവുങ്ങിൻതോട്ടത്തിലൂടെ പാടവരമ്പിലേക്കിറങ്ങുമ്പോൾ നിശബ്ദതയെ കീറിമുറിക്കുന്ന ചീവീടുകളുടെ ശബ്ദം കൂട്ടിനുണ്ടായിരുന്നു.നീണ്ടു കിടക്കുന്ന കവുങ്ങിന്റെ നിഴലുകൾക്കിടയിലൂടെ തന്റെ നിഴൽ ഒളിച്ചുകളിക്കുന്നത് അയാൾ കണ്ടു. വൈകുന്നേരങ്ങളിൽ കാൽപ്പന്തുകളിയുടെ ആരവങ്ങളിൽ പൊടിപറപ്പിക്കുന്ന പഴയ കാളപ്പൂട്ടുകണ്ടം മഴവെള്ളം നിറഞ്ഞ് ഒരു തടാകം പോലെ നിശ്ചലമായിരിക്കുന്നു . വെള്ളത്തിനടിയിൽ നിന്നും പൂർണ്ണ ചന്ദ്രൻ പുഞ്ചിരിക്കുന്നു. തോട് വരമ്പ് നന്നായി വഴുക്കുന്നുണ്ട്.തോട്ടിലൂടെ ചാലിയാറിലേക്ക് കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിൽ. വർഷകാലത്ത് തോടും പാടവും നിറഞ്ഞു കവിയുമ്പോൾ വാഴത്തണ്ടുകൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയതും അതിൽ തുഴഞ്ഞു നടന്നതുമെല്ലാം അയാളുടെ മനസ്സിൽ നിഴൽചിത്രങ്ങളായി തെളിഞ്ഞു. അകലെ മൈലാടിക്കുന്ന് നിലാവിൽ കുളിച്ചു നിൽക്കുകയാണ്. അതിനുമപ്പുറത്ത് പൂട്ടിപ്പോയ മാവൂരിലെ കമ്പനിയിൽ നിന്നും നിയോൺ ബൾബുകൾ നക്ഷത്രക്കൂട്ടങ്ങൾ പോലെ പ്രകാശം പരത്തുന്നുണ്ട്. കുന്നിൻ ചെരുവിലൂടെ പടിഞ്ഞാറൻ കാറ്റ് വീശി. ചാലിയാറിൽ നിന്നും പഴയ തോണിക്കാരന്റെ മൂളിപ്പാട്ട് ഇപ്പോൾ കേൾക്കാറില്ല. മരങ്ങൾ ചങ്ങാടമാക്കി നിലമ്പൂരിൽ നിന്നും അരീക്കോടു നിന്നും ഫറോക്കിലേക്ക് വന്നിരുന്ന പഴയ കാക്കമാരും ഇന്നൊരോർമ്മ മാത്രം. പകരം രാത്രിയിലും കവണക്കല്ലിലെ പാലത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പലുകൾ മാത്രം. സമയമറിയുന്നതിനായി പഴമക്കാർ ആശ്രയിച്ചിരുന്ന കമ്പനിയുടെ സൈറനും ഇന്ന് മുഴങ്ങൂന്നില്ല. ശവപ്പറമ്പിലെ കല്ലുകൾ പൊലെ കുറെ പുകക്കുഴലുകൾ മാത്രം ബാക്കിയുണ്ട്. ഈ കുന്നിൻ ചെരുവിൽ നിന്ന് നോക്കിയാൽ മുകളിൽ അവളുടെ വീടു കാണാം.അവളുടെ മുറിയിൽ മാത്രം വെളിച്ചമുണ്ട്. അവൾക്ക് ഉറങ്ങാൻ കഴിയില്ലെന്നയാൾക്കറിയാം. കുന്നുകയറി കഴിഞ്ഞപ്പോഴേക്കും അയാൾ കിതക്കുന്നുണ്ടായിരുന്നു. വീടിന്റെ ജാലകത്തിലൂടെ വഴിയിലേക്ക് കണ്ണുംനട്ട് അയളുടെ വരവും പ്രതീക്ഷിച്ച് അവളിരിക്കുന്നുണ്ടായിരുന്നു. കിളിവാതിലിലൂടെ അയാൾ പറഞ്ഞു.”ഞാൻ തെക്കെപുറത്തെ മാവിൻചുവട്ടിലിരിക്കാം…” അവളുടെ മുറിയിലെ ലൈറ്റണഞ്ഞു. വാതിൽ പാളികൾ കരഞ്ഞു. കുന്നിൻ ചെരുവിലെ മാവിൻ ചുവട്ടിൽ നിലാവും നോക്കിയിരിക്കുന്ന അയാളുടെ അടുത്തേക്ക് അവൾ നടന്നടുത്തു. മാവിലകൾ കാറ്റിൽ ചാറ്റൽ മഴ പെയ്യിച്ചു.അയാൾ അവളുടെ മടിയിൽ തലചായ്ച്ചു മയങ്ങി. ദൂരെ പാടത്തിനുമക്കരെ പഴയ പള്ളിയൂടെ മിനാരങ്ങൾ നിലാവിൽ തിളങ്ങി.പള്ളിപ്പറമ്പിലെ ഖബർസ്ഥാനു മുകളിൽ ശാന്തി തേടി തലമുറകളുടെ ആത്മാവുകൾ പറന്നു നടന്നു. അവൻ നിലാവിന്റെ കഥ പറഞ്ഞു. അവളൊരു കവിതയായ് പെയ്തിറങ്ങി.